യു എ ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു;എമിറേറ്റൈസേഷന്‍ ഊർജ്ജിതമാക്കാൻ  പ്രത്യേകസമിതി


SEPTEMBER 6, 2019, 10:27 PM IST

ദുബൈ:യു എ ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എമിറേറ്റൈസേഷന്‍ ഊർജ്ജിതമാക്കാൻ യു എ ഇ മന്ത്രിസഭ പ്രത്യേകസമിതിക്ക് രൂപം നല്‍കി. പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികളുമായി ബന്ധപ്പെട്ട് നൂറു ദിന കര്‍മ്മ പദ്ധതി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ സമിതിക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.

സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ സ്വദേശികളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് എമിറേറ്റൈസേഷന്‍. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ അവരുടെ സംഭാവന വള്‍ര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് എമിറൈറ്റേസേഷനിലൂടെ  ലക്ഷ്യമിടുന്നത്.

ഓരോ എമിറേറ്റുകളിലും നിലവിലുള്ള സ്വദേശിവത്കരണം ഭരണാധികാരികള്‍ നേരിട്ട് വിലയിരുത്തി തുടങ്ങി.ദുബൈയിൽ രണ്ടാഴ്‌ചക്കകം പദ്ധതി രേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്‍കി. ഇതിന്റെ പുരോഗതി നേരിട്ട് വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

ഷാര്‍ജയില്‍ യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്വദേശിവത്കരണ നപടികള്‍ ആരംഭിച്ചു. സുല്‍ത്താന്‍ അല്‍ ഖാസിമി എമിറേറ്റൈസേഷന്‍ പ്രോജക്‌ട് എന്ന പേരിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. സ്വദേശികള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തുകയാണ് ലക്ഷ്യം.

സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയാണെന്ന് ഹിജ്റ പുതുവര്‍ഷത്തോടനദുബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികസാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌ദൂം വ്യക്തമാക്കിയിരുന്നു.