യുഎഇയില്‍ കനത്ത മഴ; ഒരു സ്ത്രീ മരിച്ചു; വിമാനങ്ങള്‍ റദ്ദാക്കി


JANUARY 12, 2020, 5:00 PM IST

അബുദാബി: യുഎഇയില്‍ പലയിടത്തും കനത്ത മഴ തുടരുന്നു. ശനിയാഴ്ച തുടങ്ങിയ മഴ ഞായാറാഴ്ചയും ശക്തമായി തുടരുകയാണ്. മിക്കയിടങ്ങളിലും റോഡുകള്‍ വെള്ളത്തിലായി ഗതാഗതം തടസ്സപ്പെട്ടു. റാസല്‍ഖൈമയില്‍ മതില്‍ തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. മണിക്കൂറില്‍ 150 മില്ലിമീറ്റര്‍ മഴയാണ് ദുബായില്‍ പെയ്തത്. എയര്‍ ഇന്ത്യ റദ്ദാക്കിയത് നാല് വിമാനങ്ങള്‍.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ യുഎഇയിലെ പലയിടങ്ങളും വെള്ളത്തിലായി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുയാണ്. റാസല്‍ഖൈമയില്‍ അല്‍ ഫിലായ, വാദി നഖബ്, അല്‍ ഫഹ്‌ലീന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ഭാഗികമായി അടച്ചിരിക്കുകയാണ്. അല്‍ ഫഹ്‌ലീനിലാണ് മഴ ഏറ്റവും ശക്തമായിരിക്കുന്നത്. ഞായറാഴ്ചയും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ റാസല്‍ഖൈമ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്‍ ഷുഹദ റോഡ്, ജബെല്‍ ജയ്‌സ് റോഡ് അല്‍ ഖറന്‍ ബ്രിഡ്ജ് എന്നിവയെല്ലാം പൂര്‍ണമായി അടച്ചിരിക്കുകയാണ്.

കനത്ത മഴയില്‍ വീടില്‍ മതില്‍ ഇടിഞ്ഞുവീണാണ് സ്ത്രീ മരിച്ചത്. രണ്ട് ദിവസമായ മഴ തുടരുന്ന റാസല്‍ഖൈമയിലൈണ് സംഭവം. റാസല്‍ഖൈമയിലെ അല്‍ ഫഹ്‌ലീമിലെ ഒരു വീട്ടില്‍ ജോലി ചെയ്തിരുന്ന ആഫ്രിക്കക്കാരിയാണ് മരിച്ചത്. ഈ വീടിനും കേട് പറ്റിയിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി വീടുകള്‍ക്ക് മഴയില്‍ നാശമുണ്ടായിട്ടുണ്ടെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു. വാദി ഷാമില്‍ ഒരു ഏഷ്യന്‍ തൊഴിലാളിയെ വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി റാസല്‍ഖൈമ പോലീസ് പറഞ്ഞു.

Other News