ലോകകപ്പ്; ഖത്തര്‍ വ്യോമാതിര്‍ത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി


JULY 3, 2022, 9:25 PM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലോകകപ്പിന് ഖത്തറിന്റെ വ്യോമാതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി എയര്‍ നാവിഗേഷന്‍ തയ്യാറെടുത്തെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഇസ്ഹാഖ് പറഞ്ഞു.

ഖത്തര്‍ 2022 ലോകകപ്പില്‍ പ്രതിദിനം 1600ലധികം വ്യോമഗതാഗതങ്ങളാണുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ശര്‍ഖ് ദിനപത്രത്തോട് സംസാരിച്ച അല്‍ ഇസ്ഹാഖ് പറഞ്ഞു. കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് പടിപടിയായി കരകയറിയ ശേഷം ഖത്തറിലെ എയര്‍ ട്രാഫിക്ക് നിരക്ക് വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 750 മുതല്‍ 800 വരെ വിമാന യാത്രകളാണ് നടക്കുന്നത്. 

മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാന സര്‍വീസുകളാണ് ഖത്തറിലേതെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഖത്തര്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ പശ്ചാതലത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതികള്‍ക്ക് അനുസൃതമായി വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് വിമാന പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും അല്‍ ഇസ്ഹാഖ് പറഞ്ഞു. 

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി വെര്‍ച്വര്‍ ടവര്‍ സ്ഥാപിക്കുന്നത് ആഗസ്ത് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എവിടേയും സ്ഥാപിക്കാന്‍ കഴിയുന്ന വെര്‍ച്വല്‍ ടവര്‍ വഴി വിമാന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിര്‍വഹിക്കാനാവും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ വിമാനത്താവളത്തിലും നിരവധി ആധുനിക റഡാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടേക്ക് ഓഫിലും ലാന്റിംഗിലും റണ്‍വേകളില്‍ വിമാനങ്ങളുടെ ചലനം മെച്ചപ്പെടുത്തുന്നതിനും പിന്തുണക്കുന്നതിനുമായി ഹമദ് എയര്‍പോര്‍ട്ടില്‍ രണ്ട് അധിക റഡാറുകള്‍ ഉടന്‍ സ്ഥാപിക്കും.

Other News