കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് വര്‍ധിപ്പിക്കുന്നു 


NOVEMBER 15, 2023, 9:30 PM IST

കൊച്ചി: കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ ജനപിന്തുണയാണ് കൂടുതല്‍ സര്‍വീസുകള്‍ക്ക് കമ്പനിയെ പ്രേരിപ്പിക്കുന്നത്. 

നിലവില്‍ കേരളത്തില്‍ നിന്നും യു എ ഇയിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ദുബായിലേക്ക് ആഴ്ചയില്‍ 80 സര്‍വീസുകളും ഷാര്‍ജയിലേക്ക് 77 സര്‍വീസുകളുമാണ് നടത്തുന്നത്. അബുദാബിയിലേക്ക് 31, റാസ്അല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണ് പ്രതിവാര സര്‍വീസുകള്‍. ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 308 സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

യു എ ഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ കൂട്ടാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ ഗള്‍ഫുമായി ബന്ധിപ്പിച്ച് കേരളത്തില്‍ നിന്നും സര്‍വീസുകള്‍ ഉയര്‍ത്താനും എയര്‍ ഇന്ത്യ എക്സ്പ്രസിന് പദ്ധതിയുണ്ട്. ഇത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഗള്‍ഫിന് പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രമം നടത്തുന്നുണ്ട്.

Other News