ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണത്തില്‍ ഇളവ്


SEPTEMBER 5, 2021, 7:54 AM IST

മനാമ: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഗ്രീന്‍ ലെവലിലേക്ക് മുഴുവന്‍ പ്രദേശങ്ങളും മാറിയതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്  സാഹചര്യം വിലയിരുത്തി നല്‍കിയ ശുപാര്‍ശയിലാണ് നടപടി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നാല് വിഭാഗങ്ങളായി നേരത്തേ തിരിച്ചിരുന്നു.

നിലവില്‍ എല്ലാ പ്രദേശങ്ങളും ഗ്രീന്‍ സോണിലായതിനാല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ അവകശമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.ഇളവുകള്‍ പ്രകാരം വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും റീട്ടെയില്‍ ഷോപ്പുകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാം. വീടുകളില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനും അനുമതിയുണ്ടാകും.

ഔട്ട്ഡോര്‍ പരിപാടികള്‍, സ്പോര്‍ട്‌സ് സെന്ററുകള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്.സിനിമ, ഇന്‍ഡോര്‍ സ്പോര്‍ട്‌സ് എന്നിവയില്‍ വാക്‌സിനെടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും പ്രവേശനമുണ്ടാകും

Other News