കുവൈത്ത് സിറ്റി: ബി ജെ പി നേതാവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബി ജെ പി നേതാവിന്റെ പരാമര്‍ശത്തിനെതിരായ പ്രതിഷേധസമരത്തില്‍ പങ്കെടുത്തവരെയാണ് നാടുകടത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കുവൈത്തി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് പ്രതിഷേധിച്ച് കൂട്ടം കൂടിയവരെയാണ് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്ക് പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ അനുവദനീയമല്ലാത്ത കുവൈത്തിലെ നിയമം ലംഘിച്ചു, എന്നാരോപിച്ചാണ് പ്രവാസികളെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യുന്നതിനും അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിന് ഡീപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികൃതരെന്ന് അറബ് ടൈംസിനെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
നാടുകടത്തപ്പെടുന്ന പ്രവാസികള്‍ക്ക് വീണ്ടും കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈത്തിലുള്ള എല്ലാ പ്രവാസികളും കുവൈത്തി നിയമങ്ങള്‍ പാലിക്കണമെന്നും ഒരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും കുവൈത്തി അധികൃതരുടെ ഉത്തരവിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്ത പ്രവാസികള്‍ ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാരാണെന്ന് റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിട്ടില്ല.