ഗള്‍ഫ് പ്രതിസന്ധി യു എസിന്റെ മേഖലാ താത്പര്യങ്ങളെ ബാധിക്കുന്നതായി ബ്രയാന്‍ ഹൂക്ക്


JULY 28, 2020, 5:29 AM IST

ദോഹ: ഗള്‍ഫ് പ്രതിസന്ധി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയില്‍ യു എസിന്റെ മേഖലാ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായി യു എസ് ഇറാന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹൂക്ക് പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം. 

അമേരിക്കയുമായി ഖത്തര്‍ ശക്തമായ ബന്ധമാണ് പുലര്‍ത്തുന്നത്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്. 

ഖത്തര്‍ അമേരിക്കയുടെ നല്ല സുഹൃത്താണ്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ച വിശാലവും ഉത്പാദനപരവുമായിരുന്നു. ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇറാന്‍ വിഷയമായിരുന്നു. ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പടെ മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു. 

യു എസ് പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി പോംപിയോയും ജിസി സി അംഗരാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ടെന്നും ഹൂക്ക് കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് തര്‍ക്കം ദീര്‍ഘകാലമായി തുടരുകയാണ്. എല്ലാ ജി സി സി രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്റെ നേട്ടങ്ങളിലാണ് അമേരിക്കയുടെ ഊന്നല്‍.  വിശ്വാസവും ഐക്യവും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളെ അമേരിക്ക പിന്തുണക്കുമെന്നും ഹൂക്ക് പറഞ്ഞു. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതില്‍ കുവൈത്ത് മധ്യസ്ഥതയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Other News