യു എ ഇയുടെ ദാബിസാറ്റ് കുതിച്ചുയര്‍ന്നു


FEBRUARY 22, 2021, 5:10 PM IST

അബുദാബി: രണ്ടാഴ്ച മുന്‍പ് ചൊവ്വാപേടകമായ ഹോപ് പ്രോബിലൂടെ ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യു എ ഇയുടെ മറ്റൊരു ഉപഗ്രഹമായ ദാബിസാറ്റ് അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ പേടകത്തില്‍ നിന്നും വിക്ഷേപിച്ചു. അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ചതാണ് ദാബിസാറ്റ് ഉപഗ്രഹം. 

ബഹിരാകാശ യാത്രയില്‍ യു എ ഇയുടെ മറ്റൊരു നാഴികക്കല്ലു കൂടിയാണിത്. ഉപഗ്രഹം മൂന്നു മാസമെടുത്തു രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പുനര്‍വിതരണ ബഹിരാകാശ പേടകമായ സിഗ്നസ് എന്‍.ജി-15ല്‍നിന്ന് ഇവിടുന്നു വിന്യസിക്കും. ഭൂമിയിലെ ചെറുചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങള്‍ ലഭ്യമാക്കുക, പ്രകൃതിക്ഷോഭങ്ങള്‍, ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ എന്നിവ യഥാസമയം കണ്ടെത്തി വിവരങ്ങളും ചിത്രങ്ങളും കൈമാറുക, ബഹിരാകാശ ഗവേഷണത്തിനു ആവശ്യമായ ഡേറ്റകളും ഉന്നത ഗുണനിലവാരമുള്ള ചിത്രങ്ങളും ശേഖരിക്കുക എന്നിവയാണ് പ്രധാന ദൗത്യം. 

യഥാര്‍ഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. 450 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും ചിത്രങ്ങളും പകര്‍ത്താന്‍ ശേഷിയുണ്ട്. മനോഭാവ നിര്‍ണയത്തിനും നിയന്ത്രണ സംവിധാനങ്ങള്‍ക്കുമായി സോഫ്റ്റ് വെയര്‍ മൊഡ്യൂളുകള്‍ രൂപകല്‍പന ചെയ്യാനും നടപ്പിലാക്കാനും പരീക്ഷിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

യു എ ഇയുടെ സാങ്കേതിക, ബഹിരാകാശ വികസനത്തിന് ഗുണകരമാകും വിധത്തില്‍ ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കാന്‍ ഖലീഫ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നതിനുള്ള തെളിവാണിതെന്നു ഖലീഫ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര, സാങ്കേതിക വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുല്‍ത്താന്‍ അല്‍ ഹമ്മാദി പറഞ്ഞു.

Other News