മദ്യനികുതി 30 ശതമാനം ഒഴിവാക്കി ദുബായ്


JANUARY 2, 2023, 3:41 PM IST

ദുബായ്: മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി ദുബായ്. ഇതോടെ ജനുവരി ഒന്ന് മുതല്‍ വില്‍പന കേന്ദ്രങ്ങളില്‍ മദ്യവിലയില്‍ വലിയ മാറ്റം നിലവില്‍ വന്നു. കൂടാതെ വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ വ്യക്തിഗത മദ്യ ലൈസന്‍സ് സൗജന്യമായി ലഭിക്കും. സ്ഥിര താമസക്കാര്‍ക്ക് എമിറേറ്റ്സ് ഐഡി ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് പാസ്പോര്‍ട്ട് ഉപയോഗിച്ചും ലൈസന്‍സിന് അപേക്ഷിക്കാം.  ടൂറിസം മേഖലയുടെ വളര്‍ച്ച കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍.

ദുബായില്‍ സ്വകാര്യ സ്ഥലങ്ങളിലും ബാറുകള്‍ പോലെ ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലും മാത്രമാണ് മദ്യപിക്കാന്‍ അനുമതിയുള്ളത്. 21 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലിം ഇതര മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് മദ്യം ഉപയോഗിക്കാന്‍ ഔദ്യോഗിക ലൈസന്‍സ് ലഭിക്കുക. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഒരു പ്രത്യേക കാര്‍ഡ് ദുബായ് പൊലീസ് അനുവദിക്കും.

ദുബായിലെ മദ്യവിലയില്‍ വലിയൊരു പങ്കും മുന്‍സിപ്പാലിറ്റി നികുതിയായിരുന്നു. ഇത് പിന്‍വലിച്ചതോടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാന്‍ മറ്റ് എമിറേറ്റുകളെ ആശ്രയിച്ചിരുന്നവര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. എമിറേറ്റിലെ മദ്യവില്‍പന ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News