ദുബായ് ഭരണാധികാരി മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി


OCTOBER 8, 2021, 7:31 AM IST

ലണ്ടന്‍: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയതായി ബ്രിട്ടീഷേ കോടതി. അധികാരം ദുരുപയോഗം ചെയ്ത് മുന്‍ ഭാര്യയുടെ ഫോണ്‍ ഇസ്രയേല്‍ ചാരസോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയിരുന്നതായാണ് ബ്രിട്ടീഷ് കോടതിയുടെ കണഅടെത്തല്‍.

മുന്‍ ഭാര്യ പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന്റെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടിരുന്നതായി കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരി കൂടിയാണ് ഹയ.മെയ് അഞ്ചിന് നടത്തിയ വിധി പ്രസ്താവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് വിവരം.

ലണ്ടനില്‍ ഹയ താമസിച്ചിരുന്ന കൊട്ടാരത്തോട് ചേര്‍ന്ന് ഷേഖിന്റെ അനുയായികള്‍ വീട് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇത് ഹയയ്ക്ക് താന്‍ വേട്ടയാടപ്പെടുന്നതായും സുരക്ഷിതയല്ലെന്നും തോന്നാന്‍ കാരണമായെന്നും കോടതി പറഞ്ഞു.ചോര്‍ത്തല്‍ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ദുബായുമായുള്ള കരാര്‍ പെഗസസ് വികസിപ്പിച്ച എന്‍.എസ്.ഒ റദ്ദാക്കിയിരുന്നു.

അതേസമയം, ബ്രിട്ടനും ദുബായും തമ്മിലുള്ള കരാറുകളേയും ബന്ധങ്ങളേയും ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത ബാധിച്ചിരുന്നില്ല. ബ്രിട്ടനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് യു.എ.ഇ.

കഴിഞ്ഞ വര്‍ഷം വിവരം ലഭിച്ചുകഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചോര്‍ത്തലിനെക്കുറിച്ച് കോടതിയ്ക്ക് വിവരം ലഭിച്ചിരുന്നു.ഗാര്‍ഡിയന്‍ പത്രമായിരുന്നു അന്ന് വിവരം പുറത്ത് വിട്ടത്.രണ്ട് കുട്ടികളുമായി 47കാരിയായ ഹയ 2019 ഏപ്രിലിലായിരുന്നു ബ്രിട്ടനിലെത്തിയത്.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഹയ വെളിപ്പെടുത്തിയിരുന്നു.

ഹയയുടെ അഭിഭാഷകയായ ഫ്യോണ ഷാക്ക്ള്‍ടണും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്. ചാള്‍സ് രാജകുമാരന്റേയും ഡയാനയുടേയും വിവാഹമോചനക്കേസില്‍ ചാള്‍സിന്റെ അഭിഭാഷകയായിരുന്നു അവര്‍.

വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നാണ് ഈ കണ്ടെത്തലുകള്‍ പറയുന്നത്. ഒരു പരിധിവരെ ഇത് അധികാരത്തിന്റെ ദുര്‍വിനിയോഗം കൂടിയാണെന്ന്  ജഡ്ജി ആന്‍ഡ്രൂ മക്ഫാര്‍ലേയ്ന്‍ നിരീക്ഷിച്ചു.

Other News