ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുവൈത്ത് എയര്‍വെയ്‌സ് പറക്കില്ലെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്


MAY 24, 2023, 12:15 AM IST

കുവൈത്ത് സിറ്റി: ആവശ്യങ്ങളോട് ബന്ധപ്പെട്ടവര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച കുവൈത്ത് എയര്‍വെയ്‌സിന്റെ ഒരു വിമാനവും പറക്കില്ലെന്ന് പൈലറ്റുമാര്‍. കുവൈത്ത് എയര്‍വെയ്‌സ് കമ്പനി പൈലറ്റുമാരുടെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദാണ് പൈലറ്റുമാരെ പ്രതിനിധീകരിച്ച് സമരപ്രഖ്യാപനം നടത്തിയത്. 

കുവൈത്ത് എയര്‍പോര്‍ട്ടിന് മുമ്പിലാണ് പൈലറ്റുമാര്‍ സമരം നടത്തിയത്. ആഭ്യന്തര മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ലെന്നും പൊലീസ് സ്റ്റേഷനല്ല വിമാനത്താവളമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

വിമാന സര്‍വീസ് നടത്താന്‍ പോകുമ്പോഴുള്ള വേഷമാണ് തന്റേതെന്നും സുരക്ഷാ സൈനികര്‍ തടയേണ്ട ആവശ്യമില്ലെന്നും പറഞ്ഞ മുവഫഖ് തങ്ങള്‍ സര്‍ക്കാര്‍ മേഖലയ്ക്ക് മുകളിലെന്നോ സ്വകാര്യ മേഖലയ്ക്ക് കീഴിലെന്നോ ആരും പറയുന്നില്ലെന്നും തങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരോ സ്വകാര്യ ജീവനക്കാരോ എന്ന കാര്യത്തിലും ആര്‍ക്കും അറിവില്ലെന്നും അദ്ദേഹം വിശദമാക്കി. കുത്തിയിരുപ്പ് സമരം നടത്തുന്നവരെല്ലാം തന്റെ സഹോദരന്മാരാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ഒരു വിമാനവും പറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളാണ് ജോലി ചെയ്യുകയും വിമാനം പറത്തുകയും ചെയ്യുന്നതെന്നും പറഞ്ഞ മുവഫഖ് ഓഫിസുകളില്‍ ഇരിക്കുന്നവര്‍ക്ക് അസാധാരണ അലവന്‍സും ബോണസും പെന്‍ഷനും നല്‍കുകയാണെന്നും കൗണ്ടറിലും വിമാനത്തിനടിയിലും ജോലി ചെയ്യുന്നവര്‍ ഓഫിസിലിരിക്കുന്നവരേക്കാള്‍ യോഗ്യരാണെന്നും പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ ഓഫിസില്‍ ഇരുക്കുന്നവരെ അനുവദിക്കില്ലെന്നും മുവഫഖ് വിശദീകരിച്ചു. 

ജീവനക്കാരുടെ വേതനത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും തങ്ങളൊഴികെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭിച്ച അലവന്‍സ് തങ്ങള്‍ക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ട് കുവൈത്ത് എയര്‍വെയ്‌സിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും എംപ്ലോയീസ് യൂണിയനാണ് എയര്‍പോര്‍ട്ട് കമ്പനി ആസ്ഥാനത്തിനു മുമ്പില്‍ ഭാഗിക സമരം നടത്തിയത്.

Other News