പരിമിതകാല കുറഞ്ഞ നിരക്ക് ഓഫറുമായി ഇത്തിഹാദ്


JULY 24, 2023, 10:57 PM IST

അബൂദാബി: മിഷന്‍ ഇംപോസിബിളിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതികാല ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. 

യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ഡല്‍ഹിയിലേക്ക് 995 ദിര്‍ഹമാണ് ഓഫര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹത്തിന് യാത്ര ചെയ്യാം. 2,445 ദിര്‍ഹമാണ് സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും. 

ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്യേണ്ടത്. ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെയാണ്. 

മിഷന്‍ ഇംപോസിബിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ അതിഥികള്‍ക്കായി അവിശ്വസനീയമായ ഓഫറുകളാണ് അവതരിപ്പിക്കുന്നതെന്നും ഇത്തിഹാദ് എയര്‍വേയ്സ് ചീഫ് റവന്യു ഓഫീസര്‍ അറിക് ദീ പറഞ്ഞു. വേനല്‍ക്കാലത്ത് വിമാനയാത്രാ ആവശ്യകത വര്‍ധിക്കുമെന്നത് അറിയാമെന്നും ഇത്തിഹാദിന്റെ 'ഇംപോസിബിള്‍' ഓഫറിലൂടെ യാത്രാ ദൗത്യങ്ങള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News