യു എ ഇയില്‍ ജനിച്ച ആദ്യ ഇസ്രായേല്‍ കുഞ്ഞിന് പാസ്‌പോര്‍ട്ട് നല്‍കി


NOVEMBER 19, 2022, 6:47 PM IST

ദുബായ്: യു എ ഇയില്‍ ജനിച്ച ആദ്യ ഇസ്രായേല്‍ കുഞ്ഞിന് അബൂദാബിയിലെ ഇസ്രായേല്‍ എംബസി പാസ്‌പോര്‍ട്ട് നല്‍കി.  യു എ ഇയിലെ ആദ്യ ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയേക്കാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 

'ആവേശകരമായ മറ്റൊരു നിമിഷം. യു എ ഇയില്‍ ജനിച്ച ഒരു ഇസ്രായേലി കുഞ്ഞിന് ആദ്യത്തെ ഇസ്രയേലി പാസ്‌പോര്‍ട്ട് നല്‍കുന്നു' എന്ന അടിക്കുറിപ്പോടെ പാസ്‌പോര്‍ട്ട് ലഭിച്ച കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച ഫോട്ടോ സഹിതമായിരുന്നു അംബാസഡറുടെ ട്വീറ്റ്.

ഇതിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് ട്വീറ്റിന് പ്രതികരണവുമായി എത്തിയത്. പ്രമുഖ ഇമാറാത്തി എഴുത്തുകാരന്‍ ഹസന്‍ സജ്വാനി ഈ പുതിയ സംഭവത്തെ സ്വാഗതം ചെയ്തു. 'എന്തൊരു മനോഹരമായ ദിവസം! ഇത് സാധ്യമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എമിറേറ്റുകളില്‍ ജനിച്ച ഒരു കുഞ്ഞിന് യു എ ഇയില്‍ ആദ്യമായി ഇസ്രായേല്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്തിരിക്കുന്നു. അബ്രഹാം കരാറിന് നന്ദി... പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനും നന്ദി...'

2020 സെപ്റ്റംബറില്‍ യു എ ഇയും ഇസ്രായേലും അബ്രഹാം കരാര്‍ ഒപ്പുവച്ച് രണ്ടു വര്‍ഷം കഴിഞ്ഞാണ് പുതിയ സംഭവവികാസം. 1994-ല്‍ ജോര്‍ദാനിനു ശേഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് യു എ ഇ. 2021 ജൂണിലാണ് യു എ ഇയില്‍ ഔദ്യോഗിക ഇസ്രായേലി എംബസി തുറന്നത്. യു എ ഇ ടെല്‍ അവീവില്‍ ജൂലൈയിലും എംബസി തുറന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 450,000 ഇസ്രായേലി വിനോദസഞ്ചാരികള്‍ യു എ ഇ സന്ദര്‍ശിച്ചതായും ആയിരക്കണക്കിന് എമിറാത്തി വിനോദസഞ്ചാരികളെ ഇസ്രായേലിലേക്ക് സ്വാഗതം ചെയ്തതായും അംബാസഡര്‍ അമീര്‍ ഹയേക് പറഞ്ഞിരുന്നു.

പരസ്പരം അറിയാനും പരസ്പരം സംസ്‌കാരത്തെ കുറിച്ച് പഠിക്കാനും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്റ്റംബറില്‍ ഏറ്റവും വലിയ ജൂത വിവാഹം അബൂദാബിയില്‍ നടന്നിരുന്നു. ചടങ്ങില്‍, ന്യൂയോര്‍ക്കര്‍ റബ്ബി ലെവി ഡച്ച്മാന്‍ അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ബെല്‍ജിയംകാരി ലിയ ഹദാദിനെ വിവാഹം കഴിച്ചു. നിലവില്‍ യു എ ഇയിലെ ജൂത ജനസംഖ്യ അയ്യായിരം ആണെന്നാണ് കണക്കുകള്‍.

Other News