ജിദ്ദ: ഗള്‍ഫ് മേഖലയില്‍ കനത്ത മഴ തുടരുന്നു. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ സൗദി അറേബ്യയിലെ മുസ്ലീങ്ങളുടെ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മക്ക നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ജിദ്ദയില്‍ റെക്കോര്‍ഡ് മഴ പെയ്ത് ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും മഴ കനത്തത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ, വെള്ളിയാഴ്ച പകലും തുടര്‍ന്നു. ചെറിയ വഴികളിലുള്‍പ്പടെ വെള്ളക്കെട്ട് നിറഞ്ഞതോടെ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
കനത്ത വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കാറുകള്‍ ഒലിച്ചുപോകുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് യാത്രപുറപ്പെടുന്നതിന് മുന്നോടിയായി നിലവിലെ സ്ഥിതി സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കയിലെത്തിയ ഉംറ തീര്‍ത്ഥാടകര്‍ നനഞ്ഞുകൊണ്ട് പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
മക്ക, മദീന, തബൂക്ക് മേഖലകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വെള്ളിയാഴ്ച രാത്രി വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം, നവംബര്‍ 24 ന് 0800-1400 മണിക്കൂറിനുള്ളില്‍ ജിദ്ദ നഗരത്തില്‍ ഒരു ദിവസം 179 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. 2009-ല്‍ 120-ലധികം പേരുടെ മരണത്തിനിടയാക്കിയ 90 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഈ കണക്ക് തകര്‍ത്തത്. മഴയെ തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സൗദിയിലെ ഏറ്റവും അറിയപ്പെടുന്ന രണ്ട് സര്‍വകലാശാലകളായ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും ഒന്നാം സെമസ്റ്റര്‍ അവസാന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ നേരിയ തോതില്‍ മഴ പെയ്തിരുന്നു, ന്യൂനമര്‍ദവും മഴയും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍, തീരപ്രദേശങ്ങളില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളോട് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടു. ഇടിമിന്നലുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തത് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.