ആരോഗ്യ സുരക്ഷയില്‍ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് സഹകരണവുമായി ഇന്ത്യയും ഖത്തറും


JANUARY 4, 2022, 9:55 PM IST

ദോഹ: ആരോഗ്യ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഖത്തറും ഒപ്പുവെച്ച ധാരണാപത്രം പ്രകാരമുള്ള ആരോഗ്യ സുരക്ഷാ സഹകരണത്തിനുള്ള സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം നടത്തി. ഇന്ത്യന്‍ ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം എമര്‍ജന്‍സി പ്രിപേര്‍ഡ്‌നസ് ആന്റ് റസ്‌പോണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹാജിരി എന്നിവര്‍ യോഗത്തിന് നേതൃത്വം നല്കി. 

ഡിജിറ്റല്‍ ആരോഗ്യത്തേയും പാന്‍ഡമിക് മാനേജ്‌മെന്റിനേയും കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകള്‍ കൈമാറി. ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഡയഗ്നോസ്റ്റിക്‌സ് എന്നിവയില്‍ റഗുലേറ്ററി സഹകരണം, മെഡിക്കല്‍ പ്രൊഫഷണലുകളുടേയും വിദഗ്ധരുടേയും കൈമാറ്റം, മെഡിക്കല്‍ മൂല്യമുള്ള ടൂറിസവും സഹകരണത്തിന്റെ സാധ്യമായ മേഖലകളും തുടങ്ങിയവ ചര്‍ച്ചയില്‍ ഉയര്‍ന്നു. 

കോവിഡ് കൈകാര്യം ചെയ്യുന്ന രണ്ടു രാജ്യങ്ങളുടേയും രീതിയെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ അഭിനന്ദിച്ചു. 

ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളില്‍ ഖത്തര്‍ താത്പര്യം പ്രകടിപ്പിക്കുകയും സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും താത്പര്യപ്പെടുകയും ചെയ്തു.

Other News