ദോഹ: റിക്രൂട്ട്മെന്റ് നടപടികളിലെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കുന്നതിനോടൊപ്പം നിശ്ചിത സമയ പരിധിക്കുള്ളില്‍ തൊഴില്‍ മേഖലയിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ- ഖത്തര്‍ ധാരണ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഖത്തര്‍- ഇന്ത്യ സംയുക്ത സമിതിയുടെ ഏഴാമത് യോഗത്തിലാണ് ധാരണയായത്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് യോജിച്ച സമീപനം സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും എംപ്ലോയ്മെന്റ് പോര്‍ട്ടലുകളെ പരസ്പരം ബന്ധിപ്പിക്കാനും തീരുമാനിച്ചു.
സംയുക്ത യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന് അല്‍ ഒബൈദ്ലി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അനുരാഗ് ഭൂഷണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
യോഗത്തില്‍ തൊഴിലാളികളുടെ ക്ഷേമവും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഫലപ്രദമായ ചര്‍ച്ചകളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ സ്വീകരിച്ച തൊഴില്‍ പരിഷ്കരണ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു.