കുവൈത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചു


JUNE 6, 2022, 10:37 PM IST

കുവൈത്ത് സിറ്റി: മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് തേയില ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് പിന്‍വലിച്ച് ട്രോളികളില്‍ കൂട്ടിയിട്ടത്.

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടി 'ഞങ്ങള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്തു' എന്ന് അറബിയില്‍ അച്ചടിച്ച ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് മുസ്‌ലിം ജനതയെന്ന നിലയില്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സി ഇ ഒ നാസര്‍ അല്‍ മുതൈരി അറിയിച്ചു. കമ്പനിയിലുടനീളം ഈ ബഹിഷ്‌കരണം പരിഗണിക്കുകയാണെന്നും ശൃംഖലയിലെ മറ്റൊരുദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. 

വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറും കുവൈത്തും ഒമാനും ഇന്ത്യന്‍ അംബാസഡറര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

Other News