ഇന്ത്യക്കാര്‍ക്കുള്ള യുഎഇ പ്രവേശന വിലക്ക് ജൂലൈ അവസാനത്തോടെ പിന്‍വലിച്ചേക്കും


JULY 16, 2021, 8:17 AM IST

ദുബായ്:  ഇന്ത്യയില്‍നിന്നു നേരിട്ട് യുഎഇയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. ഇത് സംബന്ധിച്ച അനുകൂല നടപടിക്കായി യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് കോണ്‍സല്‍ ജനറല്‍ അമന്‍ പുരി ദുബായില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അമന്‍ പുരി വ്യക്തമാക്കി.

ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പ്രവേശനവിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് കോണ്‍സല്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു. ഈ മാസം അവസാനത്തോടെ വിലക്ക് നീക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. പലര്‍ക്കും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു.

യാത്രാവിലക്ക് കാരണം മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്. പല വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Other News