ജിദ്ദയില്‍ നിര്‍മ്മാണത്തിലിരുന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു


FEBRUARY 18, 2021, 9:09 AM IST

ജിദ്ദ (സൗദി അറേബ്യ): ദക്ഷിണ ജിദ്ദയില്‍ സുലൈമാനിയ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ഭൂഗര്‍ഭ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ടു പേര്‍ മരിക്കുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജോലിക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

പരിക്കേറ്റവരില്‍ മൂന്നു പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഈസ്റ്റ് ജിദ്ദ ആശുപത്രിയിലെത്തിച്ചു. നിസാര പരിക്കേറ്റ ഏഴു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.