കുവൈത്തിൽ ഭരണ പ്രതിസന്ധി; മന്ത്രിമാർ രാജി സമർപ്പിച്ചു


JANUARY 13, 2021, 9:35 AM IST

കുവൈത്തിൽ സർക്കാരും പാർലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് മന്ത്രിമാർ പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചു.

സെയ്ഫ് കൊട്ടാരത്തിലെത്തിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബർ അൽ അലി അൽ സബയും മറ്റു മന്ത്രിമാരും പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹിന് രാജി സമർപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈത്ത് സർക്കാരിനെതിരെയും 38 എംപി മാർ ചേർന്ന് കുറ്റവിചാരണ പ്രമേയം പാർലമെന്റ് സ്പീക്കറിനു സമർപ്പിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാൻ ഇടയാക്കിയത്.

 പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെന്റിൽ കുറ്റവിചാരണകൾ ആവർത്തിക്കുമെന്നും, ഇതോടെ സർക്കാറും പാർലമെന്റും തമ്മിലുള്ള പുതിയ സംഘർഷങ്ങൾക്ക് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.