വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കുവൈറ്റ് അധ്യാപകര്‍


SEPTEMBER 25, 2021, 9:06 AM IST

കുവൈറ്റ് സിറ്റി: രാജ്യത്ത് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കുവൈറ്റ് അധ്യാപകര്‍ തെരുവിലിറങ്ങി. സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയ കാര്യാലയത്തിന് മുന്നിലാണ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ പ്രതിഷേധിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്തെത്തി.

വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരേയാണ് പ്രതിഷേധം. വാക്‌സിന്‍ എടുക്കാത്തപക്ഷം ആഴ്ചയിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.വാക്‌സിനെടുക്കുകയോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യാതെ 15 ദിവസം ക്ലാസ്സില്‍ ഹാജരാവാതിരിക്കുന്ന അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

വാക്‌സിന്‍ എടുക്കാത്തവര്‍ ജോലിയില്‍ നിന്ന് പുറത്താവുമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ അദ്ധ്യാപകര്‍ കൂട്ട അവധിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ കുറഞ്ഞതിനെ തുടര്‍ന്നാണ് ഓഫ് ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.

സ്വകാര്യ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 27നും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും തുറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ പ്രതിഷേധിച്ചത്.

Other News