ലോക്ക്ഡൗണ്‍; നിശ്ചലമായി ഒമാന്‍


JULY 29, 2020, 8:02 AM IST

മസ്‌ക്കത്ത്: കോവിഡിനെ തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഒമാന്‍ നിശ്ചലം. രാജ്യത്തെ പ്രധാന റോഡുകളെല്ലാം വിജനമായി. കോവിഡ് നിയന്ത്രണത്തിന് ലോക്ക്ഡൗണ്‍ സഹായകമാകുമെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി വ്യക്തമാക്കി. ഒമാന്റെ തലസ്ഥാന നഗരിയായ മസ്‌ക്കത്തിലെ പ്രധാന വീഥികളെല്ലാം കഴിഞ്ഞ നാല് ദിവസമായി ശൂന്യമാണ്.

ആളൊഴിഞ്ഞ പ്രധാന കേന്ദ്രങ്ങള്‍, രോഗത്തെ ചെറുക്കാനുള്ള സ്വദേശികളുടെയും പ്രവാസികളുടെയും ജാഗ്രതെയെയാണ് സൂചിപ്പിക്കുന്നത്. വൈകുന്നേരം ഏഴു മണി മുതല്‍ ഒമാനില്‍ പൂര്‍ണ നിശബ്ദതയാണുള്ളത്. ലോക്ക്ഡൗണ്‍ വീണ്ടും രാജ്യത്ത് നടപ്പാക്കിയതിനു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ വീണ്ടും നിലവില്‍ വന്നത്. ജനം ഒരു ആവശ്യത്തിനും പുറത്തേക്കു ഇറങ്ങുന്നില്ല എന്ന സൂചനയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഓമനിലെങ്ങും കണ്ടു വരുന്നത്. ഇത്രയധികം വിജനമായി ഇതിനു മുന്‍പേ മസ്‌ക്കറ്റ് നഗരം മാറിയിട്ടില്ല. പൂര്‍ണമായും സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ ഒമാന്‍ സാക്ഷ്യം വഹിക്കുന്നത്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും പുലര്‍ത്തുന്ന പ്രതിബദ്ധതയെ ഒമാന്‍ സുപ്രിം കമ്മറ്റി അഭിനന്ദിക്കുകയും ചെയ്തു.

Other News