ഖത്തര്‍ സന്ദശിക്കുവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം


JANUARY 29, 2023, 6:45 AM IST

ദോഹ: ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. കൂടാതെ, ഖത്തര്‍ സന്ദശിക്കുവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021-ലെ 22-ാം നിയമം അനുസരിച്ച്, സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ രാജ്യത്തിന്റെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമില്‍ പരിരക്ഷിക്കപ്പെടുമെന്ന വ്യവസ്ഥ അനുസരിച്ചാണ് ഇങ്ങനെയൊരു നീക്കം. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കുന്നതിനായുള്ള ക്രമീകരങ്ങള്‍ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ ആരംഭിച്ചുകഴിഞ്ഞു.

സന്ദര്‍ശകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ അടിയന്തര-അപകട സേവനങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളു എന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 50 റിയാലാണ് ഈ പോളിസിയുടെ പ്രീമിയം. കൂടാതെ, കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന പോളിസിയും സന്ദര്‍ശകര്‍ക്ക് എടുക്കാന്‍ സാധിക്കുമെങ്കിലും അവ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പ്രീമിയങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും.

നിലവില്‍, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലിസ്റ്റില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് പൊളിസിയ്ക്കായി അപേക്ഷിക്കാം. ഖത്തറിലേക്ക് സന്ദര്‍ശക വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് കൈവശമുള്ളവരുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഖത്തര്‍ ഉള്‍പെട്ടിരിക്കണമെന്നും കൂടാതെ, അവര്‍ രാജ്യത്ത് താമസിക്കുന്ന സമയത്ത് അതിന് സാധുതയും ഉണ്ടായിരിക്കണം. അവ ഖത്തര്‍ അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നതും ആയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Other News