അബൂദാബിയില്‍ വിവാഹിതരായത് ആയിരത്തിലേറെ വിനോദ സഞ്ചാരികള്‍


DECEMBER 16, 2022, 8:58 PM IST

അബൂദാബി- സിവില്‍ ഫാമിലി കോടതിയില്‍ റജിസ്റ്റര്‍ ചെയ്ത അയ്യായിരം അമുസ്‌ലിംകളുടെ വിവാഹത്തില്‍ 12 ശതമാനം പേരും വിനോദ സഞ്ചാരികളാണെന്ന് അധികൃതര്‍ അറിയിച്ചു. 2021 ഡിസംബറില്‍ അമുസ്‌ലിം ദമ്പതികള്‍ക്ക് അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയതോടെ ഒരു വര്‍ഷത്തിനകം നിരവധി പേരാണ് വിവാഹിതരായത്. നവംബറില്‍ മാത്രം  627 ദമ്പതികളാണ് അവരുടെ സിവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്.കാനഡയില്‍ നിന്നുള്ള ദമ്പതികളാണ് 2021 ഡിസംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ അമുസ്‌ലിംകള്‍. അതിനിടെ മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂത പരിപാടിക്കും അബുദാബി ആതിഥേയത്വം വഹിച്ചു.2022 ജനുവരിയില്‍ എട്ട് ദമ്പതികളും ഫെബ്രുവരിയില്‍ 57 പേരുമാണ് വിവാഹം റജിസ്റ്റര്‍ ചെയ്തത്. മൊത്തം 127 രാജ്യങ്ങളില്‍ നിന്നുള്ള ദമ്പതികളാണ് കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഭൂരിഭാഗവും ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്.എമിറേറ്റിലെ താമസക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് 2021 നവംബറില്‍ പുതിയ കുടുംബ കോടതി അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, കസ്റ്റഡി, പിതൃത്വം, അനന്തരാവകാശം, അമുസ്ലിംകളുടെ വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കോടതി പരിഗണിക്കുന്നു.അനന്തരാവകാശം, ജോയിന്റ് കസ്റ്റഡി, വിവാഹമോചനം, കുട്ടികളെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അമ്മമാരെ അനുവദിക്കല്‍ എന്നിവയില്‍ തുല്യാവകാശ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ റഫീ പറഞ്ഞു. ഇന്ത്യ, യു. കെ, ലെബനന്‍, റഷ്യ, യു. എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ദമ്പതികളാണ് കൂടുതലെന്ന് ജുഡീഷ്യല്‍ വിഭാഗം വിദേശ സേവന മേധാവി മുന അല്‍ റായ്സി പറഞ്ഞു.അബുദാബി സിവില്‍ ഫാമിലി കോടതി ഇതുവരെ 200 വിവാഹമോചന അപേക്ഷകളും 23 വിവാഹപൂര്‍വ കരാറുകളും 130 സിവില്‍ അനന്തരാവകാശ കേസുകളും വില്‍പത്രം സാക്ഷ്യപ്പെടുത്തുന്നതിനുള്ള 1,566 അപേക്ഷകളുമാണ് പരിശോധിച്ചത്.നോഫോള്‍ട്ട് വിവാഹമോചന കേസിന് കീഴിലുള്ള ദമ്പതികളെ കൗണ്‍സിലിംഗ് സെഷനുകളിലേക്ക് റഫര്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല 30 ദിവസത്തിനുള്ളില്‍ വിവാഹമോചനം അനുവദിക്കുകയും ദമ്പതികള്‍ക്ക് കുട്ടികളുടെ സംയുക്ത സംരക്ഷണം നല്‍കുകയും ചെയ്യും. 25 വിവാഹമോചന കേസുകളില്‍ കുട്ടിയുടെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കി.

Other News