കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു


AUGUST 4, 2022, 8:56 AM IST

കുവൈറ്റ്: കുവൈറ്റില്‍ പുതിയ മന്ത്രിസഭക്ക് രൂപം നല്‍കി. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആണ് മന്ത്രിസഭക്ക് അംഗീകാരം നല്‍കിയത്. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തലാല്‍ ഖാലിദ് അല്‍ അഹ്മദ് അസ്സബാഹ് ഉപപ്രധാനമന്ത്രി, പ്രതിരോധ, നിയുക്ത ആഭ്യന്തരമന്ത്രി എന്നിവയായി പ്രവര്‍ത്തിക്കും, ഡോ. മുഹമ്മദ് അബ്ദുല്ലത്വീഫ് അല്‍ഫാരിസ്: ഉപപ്രധാനമന്ത്രിയായിരിക്കും. എണ്ണകാര്യ, സ്റ്റേറ്റ് ഫോര്‍ കാബിനറ്റ് അഫയേഴ്‌സ് എന്നീ കാര്യങ്ങള്‍ കൂടി അദ്ദേഹം നോക്കും

ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് ആയിരിക്കും വിദേശകാര്യമന്ത്രി ആയിരിക്കുക. ഭവന, നഗരവികസന മന്ത്രിയായി ഈസ അഹ്മദ് അല്‍കന്‍ദരിയെ നിയോഗിച്ചു. വാര്‍ത്താവിനിമയ, വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഡോ. റെന അബ്ദുല്ല അല്‍ ഫാരിസിനെ നിയോഗിച്ചു. സാംസ്‌കാരികം, യുവജനക്ഷേമം എന്നി വകുപ്പുകള്‍ അബ്ദുറഹ്മാന്‍ ബദ്ദാഹ് അല്‍ മുതയിരിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണം എന്നീ വിഭാഗങ്ങള്‍ ഡോ. അലി ഫഹദ് അല്‍ മുദ്ഹഫ് കൈകാര്യം ചെയ്യും.

അതേസമയം, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് നവാഫ് അല്‍ ജാബിര്‍ അസ്സബാഹിനെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സന്ദര്‍ശനം നടത്തി. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ഇവര്‍ ചര്‍ച്ച ചെയ്തു. ബയാന്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. നിലവില്‍ ഉണ്ടായിരുന്നു കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആണ് പിരിച്ചുവിട്ടത്. അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനമുണ്ടായത്.

Other News