ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്;  ഒരു കുട്ടിയുള്‍പ്പെടെ 3 പേര്‍ മരിച്ചു


OCTOBER 4, 2021, 7:49 AM IST

മസ്‌കറ്റ് : ഒമാനില്‍ ഭീതി വിതച്ചെത്തിയ ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. കനത്ത മഴയിലും കാറ്റിലും ഒരു കുട്ടിയുള്‍പ്പെടെ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. വിവിധ സ്ഥലങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 116 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്.

മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് വന്ന വിമാനം സലാലയില്‍ ഇറക്കി. ബൗഷര്‍ ആമിറാത്ത് റോഡ് ഉള്‍പ്പടെ വിവിധ റോഡുകള്‍ അടച്ചു.

വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ 45 മുതല്‍ 60 നോട്ട് വരെ വേഗതയില്‍ കാറ്റടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അപകട സാദ്ധ്യതയുള്ള മേഖലയില്‍ നിന്ന് 36 വിദേശികളെയും 2734 സ്വദേശികളെയും ഷെല്‍ട്ടറുകളിലേക്ക് മാറ്റി. അല്‍ നഹ്ദ ആശുപത്രി ഒഴിപ്പിച്ച ശേഷം രോഗികളെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ ഇന്നലെയും ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരുന്നു.അതേ സമയം ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്നതിനിടെയു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വീടിന് പുറത്തേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍പുറത്തേക്കിറങ്ങാവൂ എന്നും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നിലവിലെ കാലാവസ്ഥ പരിഗണിച്ച് അല്‍ ഐനില്‍ അധികൃതര്‍ ചില മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് അല്‍ ഐനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയാകും.

കോവിഡ് പരിശോധന, വാക്‌സിനേഷന്‍ ടെന്റുകള്‍ അടച്ചു. സ്വകാര്യ കമ്പനികളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്നും വിദൂര സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജബല്‍ഹഫീതിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടുവിട്ട് പുറത്തുപോകരുത്.

 ചുഴലിക്കാറ്റ് വീശാനിടയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകള്‍ അധികൃതര്‍ വിലയിരുത്തി ആവശ്യമെങ്കില്‍ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.ബീച്ചുകള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ച് വരെ യു.എ.ഇയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് വീശാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

Other News