ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു


MAY 5, 2022, 8:05 AM IST

ദോഹ: പെരുന്നാള്‍ ആഘോഷത്തിനിടയില്‍ ഖത്തറിലെ മിസൈദില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ രക്ഷപ്പെട്ടു. മലപ്പുറം കീഴുപറമ്പ് മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം.കെ ശമീം (35), പൊന്നാനി മാറഞ്ചേരി പുറങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ റസാഖ് (31), ആലപ്പുഴ സ്വദേശി സജിത് മങ്ങാട്ട് സുരേന്ദ്രന്‍ (37) എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ശരണ്‍ജിത്ത് ശേഖരന് സാരമായി പരിക്കേറ്റു. പരുക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെ മൈതറില്‍ നിന്ന് മിസൈദിലെ സീലൈനില്‍ ഈദ് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു സംഘം.

രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതില്‍ ലാന്‍ഡ് ക്രൂസര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിട്ടുവെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ നല്‍കുന്ന വിവരം. സജിത്ത്, റസാഖ്, എം.കെ.ഷമീം എന്നിവര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് അല്‍വക്രയിലെ ആശുപത്രിയില്‍ എത്തിച്ചത്.

Other News