കോവിഡിനെ പ്രതിരോധിക്കാന്‍ 88 രാജ്യങ്ങള്‍ക്ക് സഹായം നല്കിയതായി ഖത്തര്‍


MARCH 30, 2021, 9:35 PM IST

ദോഹ: കോവിഡിനെ നേരിടാനുള്ള സഹായത്തിനായി 88 രാജ്യങ്ങള്‍ക്ക് ഖത്തര്‍ അടിയന്തര വൈദ്യസഹായം വാഗ്ദാനം ചെയ്തതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അറിയിച്ചു. പൗരന്മാരുടേയും താമസക്കാരുടേയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഖത്തര്‍ മുന്‍ഗണന നല്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ തലത്തില്‍ ശ്രമങ്ങള്‍ തുടരുമ്പോള്‍ പ്രാദേശിക അന്തര്‍ദേശീയ തലത്തില്‍ തങ്ങളുടെ പങ്കും മാനുഷിക കടമയും നിര്‍വേറ്റാന്‍ രാജ്യം മടി കാണിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

കാനഡയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന കോവിഡാനന്തര കാലഘട്ടത്തിലെ അന്താരാഷ്ട്ര ഡെറ്റ് ആര്‍ക്കിടെക്ചര്‍, ലിക്വിഡിറ്റി, ഡവലപ്മെന്റിനുള്ള ധനസഹായം എന്ന സര്‍ക്കാര്‍ മേധാവികളുടെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ തുടക്കം മുതല്‍ ഖത്തര്‍ നല്കിയ സര്‍ക്കാര്‍- സര്‍ക്കാരിതര സഹായം 256 മില്യന്‍ ഡോളര്‍ കവിഞ്ഞു. ലോകാരോഗ്യ സംഘടനയുമായി ഖത്തര്‍ 10 മില്യണ്‍ ഡോളറിന്റെ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. അതോടൊപ്പം ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിനും ചികിത്സകളും പരിശോധനയും തുല്യമായി ലഭിക്കുകയെന്ന ലക്ഷ്യത്തില്‍ അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിന് ആഗോള വാക്സിന്‍ പ്രതിരോധ സഖ്യത്തിന് 20 മില്യന്‍ ഡോളര്‍ ഖത്തര്‍ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ ഉതകുന്ന സംരംഭങ്ങളും സംഭാവനകളും ഖത്തര്‍ തുടര്‍ന്നും നല്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹായത്തിന്റെ വലിയൊരു ഭാഗം വികസ്വര രാജ്യങ്ങള്‍ക്കും കുറഞ്ഞ വികസിക രാജ്യങ്ങള്‍ക്കും അനുവദിക്കുന്നകാര്യത്തില്‍ ഖത്തര്‍ ശ്രദ്ധ പതിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകം ഇന്നു കടന്നുപോകുന്ന അസാധാരണ സാഹചര്യങ്ങള്‍ മുന്‍കാലങ്ങളില്‍ നേടിയ വികസനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വം വര്‍ധിപ്പിക്കുകയും സഹകരണ തത്വത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വികസ്വര രാജ്യങ്ങളുമായി ബന്ധപ്പെട്ട അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളം 2022 ജനുവരിയില്‍ ദോഹയില്‍ സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.

Other News