ഗള്‍ഫില്‍ രോഷമടങ്ങുന്നില്ല; ഉപരാഷ്ട്രപതിയ്ക്ക് ഒരുക്കിയ വിരുന്ന് മാറ്റിവെച്ച് ഖത്തര്‍


JUNE 6, 2022, 7:12 PM IST

ദോഹ: ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദയോട് ശക്തമായി പ്രതികരിച്ച ഖത്തര്‍ ഇന്ത്യയ്ക്ക് മറ്റൊരു പ്രഹരം കൂടെയേല്‍പ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് വേണ്ടി സജ്ജീകരിച്ചിരുന്ന വിരുന്ന് റദ്ദാക്കി. 

നായിഡുവിനായി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഒരുക്കിയ വിരുന്നാണ് മാറ്റിവെച്ചത്. ഡെപ്യൂട്ടി അമീറിന് കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിരുന്ന് മാറ്റിവെച്ചത്. 

പ്രവാചകനെതിരായ മുന്‍ ബി ജെ പി വക്താവിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യവകുപ്പ് തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്ന് മാറ്റിവെച്ച വിവരവുമെത്തുന്നത്.

എന്നാല്‍ വിരുന്ന് മാറ്റിവെച്ച വിവരം വെങ്കയ്യ നായിഡു ഖത്തറിലെത്തുന്നതിന് മുന്‍പ് തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി ഖത്തര്‍ വിദേശമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയില്‍ ബി ജെ പി വക്താവായിരുന്ന നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നേരത്തെ ഇതേ വിഷയം ഉന്നയിച്ച ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ വിമര്‍ശനത്തിനെതിരെ ഇന്ത്യ മറുപടി നല്‍കിയിരുന്നു.

ഒ ഐ സി സെക്രട്ടറിയേറ്റിന്റെ അനാവശ്യവും ഇടുങ്ങിയതുമായ ചിന്താഗതികളെ പൂര്‍ണമായി നിരസിക്കുന്നുവെന്നായിരുന്നു ഇന്ത്യന്‍ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. ഒ ഐ സി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് കാട്ടുന്നത് ഒ ഐ സിയുടെ വിഭാഗീയ നിലപാടാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Other News