ലോകാരോഗ്യ സംഘടനയുമായി ഖത്തറിന്റെ സഹകരണം ശക്തമാക്കുന്നു


OCTOBER 2, 2020, 8:04 AM IST

ദോഹ: പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി  ലാകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. 2022 ഫിഫ ലോകകപ്പില്‍ പൊതുജനാരോഗ്യതലത്തില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും വിഷയമായി. ആരോഗ്യ കായിക സഹകരണത്തിനായി പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യസംഘടനയും ഫിഫയും ഏര്‍പ്പെട്ട കരട് ത്രികക്ഷി കരാറിലൂടെയാണ് സഹകരണം. 2022 ഫിഫ ലോകകപ്പില്‍ ലോകാരോഗ്യസംഘടനയുടെയും ആരോഗ്യമേഖലയുടെയും പങ്ക് ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. കോവിഡ് പ്രതിസന്ധി സമയത്തുള്‍പ്പടെ ലോകാരോഗ്യസംഘടന വഹിച്ച സുപ്രധാനപങ്കിനെ ചര്‍ച്ചയില്‍ ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി പ്രശംസിച്ചു. സംഘടനയുടെ പരിപാടികളെയും പദ്ധതികളെയും പിന്തുണക്കുന്നതില്‍ ഖത്തറിന്റെ താല്‍പര്യവും അവര്‍ എടുത്തുപറഞ്ഞു. 

കോവിഡ് മഹാമാരിയുടെ സമയത്ത് ലോകാരോഗ്യ സംഘടനയ്ക്കും മറ്റ് സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കും ഖത്തര്‍ നല്‍കിയ പിന്തുണക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക്  ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് നന്ദി പറഞ്ഞു. ഖത്തറിലെ ആരോഗ്യ സംവിധാനത്തിന്റെ പുരോഗതിയും കോവിഡ് മഹാമാരിയെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഖത്തറിന്റെ സവിശേഷമായ അനുഭവത്തെയും ലോകാരോഗ്യസംഘടന പ്രശംസിച്ചു. ഖത്തറില്‍ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. 

ഖത്തരി അനുഭവം ആഗോളതലത്തില്‍ മാതൃകയാണെന്നും  ഡോ. ഗബ്രിയേസസ്് പറഞ്ഞു. കോവിഡ് മഹാമാരിക്കുശേഷമുള്ള ഏറ്റവും പ്രതീക്ഷയുള്ള ടൂര്‍ണമെന്റുകളിലൊന്നായിരിക്കും 2022ലെ ഖത്തര്‍ ലോകകപ്പ്. കഴിഞ്ഞവര്‍ഷം ഒപ്പുവെച്ച ത്രികക്ഷി കരാറിലൂടെ ലോകകപ്പ് സമയത്ത് ലോകാരോഗ്യ സംഘടനയുടെ പങ്ക് കൂടുതല്‍ ശക്തവും സുപ്രധാനവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ചര്‍ച്ചയില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെയും ലോകാരോഗ്യസംഘടനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Other News