റിയാദിലെ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും-മേയര്‍ ഫൈസല്‍ ബിന്‍ അയ്യാഫ്


MARCH 1, 2023, 8:13 AM IST

റിയാദ് ( സൗദി അറേബ്യ) : റിയാദിലെ ഗതാഗതക്കുരുക്കിന് മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ പരിഹാരമാകുമെന്ന് മേയര്‍ ഫൈസല്‍ ബിന്‍ അയ്യാഫ്. സൗദി മെട്രോ സര്‍വീസ് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് നഗരത്തിലെ റോഡുകളില്‍ കുഴിയെടുത്ത് നടപ്പാക്കേണ്ട പദ്ധതികള്‍ ഒരേ സമയം പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികള്‍ക്ക് നേരത്തെ പെര്‍മിറ്റ് നേടണമെന്നും മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ് വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ റിയാദ് മെട്രോ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുലൈനുകളിലായി 85 സ്റ്റേഷനുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയാണിത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത തടസ്സത്തിന് വലിയ പരിഹാരമാകും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.

നഗരത്തിലെ റോഡുകള്‍ കുഴിച്ച് നടത്തുന്ന വലിയ പദ്ധതികള്‍ ഏകീകരിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2019ന് ശേഷം 64 പദ്ധതികള്‍ക്കായി റോഡുകളില്‍ ഇതിനോടകം കുഴിയെടുത്തിട്ടുണ്ട്. വിവിധ പദ്ധതികള്‍ ഒരേസമയം പൂര്‍ത്തിയാക്കും വിധമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. പലതവണ റോഡ് കുഴിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.

Other News