സൗദിയിലെ വിമാനത്താവളങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും


OCTOBER 17, 2021, 10:41 PM IST

റിയാദ്: ഒക്ടോബര്‍ 24 മുതല്‍ സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആഭ്യന്തര- അന്തര്‍ദേശീയ വിമാന സര്‍വീസുകളുടെ പൂര്‍ണശേഷിയുമായി ബന്ധപ്പെട്ട് എല്ലാ വിമാനത്താവളങ്ങള്‍ക്കും എയര്‍ലൈനുകള്‍ക്കും നിര്‍ദ്ദേശം നല്കിയതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ട്വീറ്റ് ചെയ്തു. 

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായ തവക്കല്‍ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള രോഗപ്രതിരോധ നില പരിശോധിക്കുന്ന നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്‌പെടുത്തവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ പൂര്‍ണമായും എടുത്തവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന ഉത്തരവ് ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ അത്തരം ഇളവുകള്‍ നല്കിയിട്ടില്ല. 

മക്ക പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കലും എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡിന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കാനും തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുമാണ് നടപടി. അകലം പാലിക്കുന്നതിനായി പള്ളിയിലെ നിലത്ത് മാര്‍ക്ക് ചെയ്ത അടയാളങ്ങള്‍ മായ്ച്ചിട്ടുണ്ട്. 

സാമൂഹിക അകലം പിന്‍വലിച്ച സാഹചര്യത്തില്‍ തീര്‍ഥാടനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മാസ്‌ക് ധരിച്ചിരിക്കണമെന്നും സൗദി സര്‍ക്കാര്‍ അറിയിച്ചു.

Other News