അനുവാദമില്ലാതെ ഇസ്‌ലാമിക പ്രബോധനം നടത്തരുതെന്ന് സൗദിയില്‍ നിര്‍ദ്ദേശം


SEPTEMBER 3, 2021, 9:56 PM IST

ദുബൈ: അനുവാദമില്ലാതെ യാതൊരു തരത്തിലുള്ള ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ പാടില്ലെന്ന് സൗദി അറേബ്യ നിര്‍ദ്ദേശിച്ചു. പള്ളികളിലെ ലൈബ്രറികളിലുള്ള പുസ്തകങ്ങള്‍ അവലോകനം ചെയ്യുമെന്നും തീവ്രവാദമോ പക്ഷപാതിത്വമോ ഉള്ള പുസ്തകങ്ങള്‍ നീക്കം ചെയ്യുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്#ലാമിക് അഫയേഴ്‌സ് കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ശൈഖ് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി നേടിയിരിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും വേണം. 

പള്ളി ഇമാമുമാര്‍ ഉള്‍പ്പെടെ, പ്രബോധകര്‍, മുഅദ്ദിന്‍മാര്‍, മുഴുസമയ- പാര്‍ട്ട് ടൈം ജീവനക്കാര്‍ തുടങ്ങി പള്ളി ജീവനക്കാരെ അഭിസംബോധന ചെയ്താണ് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

പള്ളികളിലെ ലൈബ്രറികള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ അറിവ് തേടുന്നവര്‍ക്ക് ബൗദ്ധിക കലവറാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചെങ്കിലും പ്രയോജനകരമായവ നിലനിര്‍ത്തി തീവ്രവാദത്തിനോ പക്ഷപാതത്വത്തിനോ ആഹ്വാനം ചെയ്യുന്നവ നീക്കാനും ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രി നിര്‍ദ്ദേശിച്ചു. ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാനും അംഗീകാരമില്ലാത്ത ഒരു പുസ്തകവും ലൈബ്രറിയില്‍ ഇല്ലെന്ന് ഉറപ്പു വരുത്താനും പള്ളി ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പങ്ക് സജീവമാക്കുന്നതിന് മന്ത്രാലയമോ മറ്റ് ഏജന്‍സികളോ നടത്തുന്ന സുരക്ഷാ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ രാജ്യത്തെ എല്ലാ മേഖലകളിലേയും പള്ളി ജീവനക്കാരോടും മന്ത്രി അഭ്യര്‍ഥിച്ചു. മന്ത്രാലയമോ മറ്റ് ഏജന്‍സികളോ സംഘടിപ്പിക്കുന്ന സെമിനാറുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുകയും ഗവേഷണങ്ങളും ശാസ്ത്രീയ പ്രബന്ധങ്ങളും അവതരിപ്പിക്കുകയും വേണം. 

വിശ്വാസികള്‍ക്ക് നല്ല രീതിയിലുള്ള വിശ്വാസവും മതവിധികളും വിശദീകരിച്ച് നല്കണമെന്നും മര്യാദകളും ധാര്‍മികതയും പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയാനും മികച്ച പൗരന്മാരാകാനും ഭരണാധികാരികളെ അനുസരിക്കാനും അനാവശ്യ സംസാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രബോധകര്‍ക്ക് നിര്‍ദ്ദേശം നല്കി. 

മയ്യത്ത് നമസ്‌ക്കാരവുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവെച്ചു. നിര്‍ബന്ധിത നമസ്‌ക്കാരങ്ങള്‍ക്കും മയ്യിത്ത് നമസ്‌ക്കാരങ്ങള്‍ക്കും ശേഷം മാത്രമേ മതപ്രബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാവു. നമസ്‌ക്കാര സമയം അറിയിക്കുന്ന ആദ്യത്തെ ബാങ്കിനും പ്രാര്‍ഥനയ്ക്കുള്ള നിര്‍ദ്ദേശത്തിനുമിടയിലുള്ള സമയത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കരുത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രാലയം നിശ്ചയിച്ച നമസ്‌ക്കാര സമയം തെറ്റാന്‍ കാരണമാകും. മദീന പളളിയില്‍ രണ്ട് ഇമാമുമാരെ അധികമായി നിയമിക്കാനുള്ള തീരുമാനവും മന്ത്രി പുറപ്പെടുവിച്ചു.

Other News