പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ


MARCH 12, 2023, 9:22 PM IST

റിയാദ്: പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പി ഐ എഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പുതിയ ദേശീയ വിമാനക്കമ്പനി സൗദി അറേബ്യ പ്രഖ്യാപിച്ചു. റിയാദ് എയര്‍ എന്നാണ് പുതിയ കമ്പനിയുടെ പേര്. പ്രധാനമന്ത്രിയും പി ഐ എഫ് ചെയര്‍മാനുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് പ്രഖ്യാപനം നടത്തിയതെന്ന്  സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനും റിയാദിനെ ലോകത്തിലേക്കുള്ള കവാടവും ഗതാഗതത്തിന്റെ ആഗോള ലക്ഷ്യസ്ഥാനവുമാക്കുന്നതിനാണ് പുതിയ ദേശീയ വിമാനക്കമ്പനി ഉദ്ദേശിക്കുന്നത്. 

പി ഐ എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍-റുമയ്യന്‍ റിയാദ് എയര്‍ ചെയര്‍മാനായിരിക്കുമെന്നും വ്യോമയാന, ഗതാഗത, ലോജിസ്റ്റിക് വ്യവസായങ്ങളില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതായും പ്രസ്താവനയില്‍ പറയുന്നു. എയര്‍ലൈനിന്റെ സീനിയര്‍ മാനേജ്മെന്റില്‍ സൗദിയിലേയും അന്താരാഷ്ട്രതലത്തിലേയും വിദഗ്ധര്‍ ഉള്‍പ്പെടും. 

അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ലോകോത്തര കമ്പനിയായിരിക്കും റിയാദ് എയര്‍. നൂതന വിമാനങ്ങളില്‍ ആഗോളതലത്തില്‍ മികച്ച സുസ്ഥിരതയും സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കും. എണ്ണ ഇതര ജി ഡി പി വളര്‍ച്ചയിലേക്ക് എയര്‍ലൈന്‍ 20 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും രണ്ടുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ പ്രഖ്യാപിച്ച കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാസ്റ്റര്‍പ്ലാനിനൊപ്പം ഈ മേഖലയിലെ പി ഐ എഫിന്റെ ഏറ്റവും പുതിയ നിക്ഷേപത്തെയാണ് പുതിയ ദേശീയ എയര്‍ലൈന്‍ പ്രതിനിധീകരിക്കുന്നത്.

Other News