റിയാദ്: ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രണ്ട് വനിതാ അംബാസഡര്മാരെക്കൂടി നിയമിച്ച് സൗദി അറേബ്യ. നെസ്രീന്‍ അല്ഷെബെലും ഹൈഫ അല്ജെദിയയുമാണ് പുതിയതായി നിയമിതരായിരിക്കുന്നത്. പുതിയതായി നിയമിതരായ മറ്റുള്ളവര്‍ക്കൊപ്പം ഇന്ന് ഇരുവരും സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
നെസ്രീന്‍ അല്ഷെബെല് ഫിന്‍ലന്‍ഡ് അംബാസിഡറായാണ് നിയമിതയായത്. ഹൈഫ അല്ജെദിയയ്ക്ക് യൂറോപ്യന്‍ യൂണിയന്റേയും യൂറോപ്യന്‍ ആറ്റോമിക് എനര്‍ജി കമ്മ്യൂണിറ്റി( ഇഎഎസി)യുടേയും ചുമതലകളാണ് നല്‍കിയിരിക്കുന്നത്.
രണ്ട് വനിതകള്‍ കൂടി അംബാസഡര്‍മാരായി നിയമിതരായതോടെ സൗദിയില്‍ വനിതാ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, വിദേശനയങ്ങള്‍, ഭൂമിശാസ്ത്രം മുതലായവ വിശകലനം ചെയ്യുന്ന സൗദി റിസര്‍ച്ച് ആന്‍ഡ് മീഡിയ ഗ്രൂപ്പിന്റെ എസ്ആര്ജിഎം തിങ്ക് വിഭാഗത്തിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു ഹെഫ അല്ജെദിയ.