സൗദി അറേബ്യയുടെ കാബിനറ്റ് ആദ്യ വനിതാ വൈസ് സെക്രട്ടറിയെ നിയമിച്ചു


JULY 4, 2022, 6:50 PM IST

റിയാദ്: സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് മന്ത്രിസഭയിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ശഹാന ബിന്‍ത് സാലിഹ് അല്‍ അസാസിനെ കിംഗ്ഡം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ വൈസ് സെക്രട്ടറി ജനറലായി നിയമിച്ചു. ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണവര്‍. ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരിയെ ടൂറിസം വൈസ് മന്ത്രിയായി നിയമിച്ചു. 

അല്‍ അസാസ് മുമ്പ് സൗദി അറേബ്യയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉന്നത അഭിഭാഷകയായിരുന്നു. രാജ്യത്ത് പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ അഭിഭാഷകരിലൊരാളാണ് അവര്‍. 

ഹൈഫ രാജകുമാരി മുമ്പ് ടൂറിസം അസിസ്റ്റന്റ് മന്ത്രിയായിരുന്നു. അതിനു മുമ്പ് ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ടൂറിസം ഡവലപ്‌മെന്റ് ഫണ്ട് എന്നിവയില്‍ പ്രവര്‍ത്തിച്ചു. 

നിയമ നിര്‍മാണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ കാബിനറ്റാണ് സൗദി അറേബ്യയിലെ മന്ത്രിമാരുടെ കൗണ്‍സില്‍. എല്ലാ നിയമനിര്‍മാണങ്ങള്‍ക്കും അന്തിമ അംഗീകാരമുള്ള പ്രധാനമന്ത്രി കൂടിയായ സല്‍മാന്‍ രാജാവാണ് കൗണ്‍സിലിനെ നയിക്കുന്നത്. 

ആധുനിക സൗദി രാഷ്ട്രത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവാണ് 1953ല്‍ കൗണ്‍സില്‍ സ്ഥാപിച്ചത്. എല്ലാ അംഗങ്ങളേയും നിയമിക്കുന്നത് രാജകീയ ഉത്തരവിലൂടെയാണ്. 2009ല്‍ ഉപവിദ്യാഭ്യാസ മന്ത്രിയായി നിയമിതയായ നോറ ബിന്‍ത് അബ്ദുല്ല അല്‍ ഫയാസാണ് രാജ്യത്തെ ആദ്യത്തെ വനിതാ മന്ത്രി.

Other News