മക്ക- മദീന അല്‍ഹറമൈന്‍ ട്രെയിനുകള്‍ ഇനി വനിതകള്‍ ഓടിക്കും


JANUARY 5, 2022, 6:45 AM IST

ജിദ്ദ  : സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അല്‍ഹറമൈന്‍ ട്രെയിനുകള്‍ ഇനി വനിതകള്‍ ഓടിക്കും. രണ്ട് നഗരങ്ങളിലേക്കും തീര്‍ഥാടകരെ കൊണ്ടു പോകുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ ട്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഈ റെയിവേയിലാണ് ലോക്കോ പൈലറ്റുകളായി സൗദി സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. സ്വദേശി വനിതകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി റെയില്‍വേ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സര്‍ബ്) അധികൃതര്‍ അറിയിച്ചു

അല്‍ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഡ്രൈവേഴ്‌സ് പ്രോഗ്രാമിലാണ് വനിതകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍ക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ ആണ് നല്‍ക്കുന്നത്. ട്രെയിന്‍ ഓടിക്കുന്നതിനുള്ള പരിശീലന പരിപാടി ഫെബ്രുവരി 15ന് ആയിരിക്കും ആരംഭിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നടക്കുന്നത് ജിദ്ദയില്‍ വെച്ചായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. റമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ പദ്ധതിയുടെ ജോലിസ്ഥലങ്ങളിലെ പ്രായോഗിക പരിശീലനം ഉള്‍പ്പടെ നല്‍കിയാണ് പ്രോഗ്രാം.

നേരത്തേ സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതിന് ശേഷം ആണ് സ്വദേശി വനിതകള്‍ക്ക് ട്രെയിന്‍ ഓടിക്കാന്‍ അവസരം യുഎഇ നല്‍കിയിരിക്കുന്നത്. പരിശീലന കാലയളവില്‍ ട്രെയിനിക്ക് പ്രതിമാസം 4000 റിയാല്‍ ബോണസ് ലഭിക്കും. പരിശീലനത്തിലുള്ള ജീവനക്കാര്‍ എന്ന നിലയില്‍ ആദ്യ ദിവസം മുതല്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യും.

പരിശീലത്തിന് ശേഷം ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന 'റിന്‍ഫി സൗദി അറേബ്യ' എന്ന കമ്പനിയില്‍ ജോലി ലഭിക്കും. 8000 റിയാല്‍ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന തരത്തിലാണ് ജോലി നല്‍ക്കുന്നത്. സൗദി റെയില്‍വേയുടെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും ഇത് വലിയ മുതല്‍ക്കൂട്ട് ആകും എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. വിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി രാജ്യത്തെ സ്ത്രീകള്‍ പ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന കിരീടാവാകാശി സല്‍മാന്‍ രാജകുമാരന്റെ പദ്ധതി പ്രകാരം ആണ് ഇത്തരത്തിലുള്ള പരിപാടികള്‍ സൗദിയില്‍ ഒരുങ്ങുന്നത്.

Other News