ഇന്ത്യന്‍ അധ്യാപകര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി സൗദി


OCTOBER 6, 2021, 8:19 AM IST

റിയാദ്: ഇന്ത്യന്‍ അധ്യാപകര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി. ഇനി മുതല്‍ സര്‍വകലാശാല, സ്‌കൂള്‍, ടെക്‌നിക്കല്‍ അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.യൂണിവേഴ്സിറ്റി അധ്യാപകര്‍, സ്‌കൂള്‍ അധ്യാപകര്‍, ടെക്നിക്കല്‍ കോളജുകളിലെ അധ്യാപകര്‍ എന്നിവര്‍ക്കാണ് നേരിട്ട് പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇതോടെ മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ഈ വിഭാഗക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വരാം.

സൗദിയില്‍നിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. അല്ലാത്തവര്‍ സൗദിയിലെത്തി ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം വാക്സിന്‍ എടുക്കുകയും വേണം. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് നേരിട്ട് വരാം. വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടിവരും. അല്ലാത്തവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും രാജ്യത്തേക്ക് വരാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ സ്‌കൂളുകള്‍ ആരംഭിച്ചതോടെ ഭൂരിഭാഗം അധ്യാപകരും മറ്റു രാജ്യങ്ങള്‍ വഴി സൗദിയിലെത്തിയിരുന്നു. അവശേഷിക്കുന്നവര്‍ക്ക് തീരുമാനം ഗുണകരമാവും

Other News