റിയാദ്: സൗദിയില്‍ കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഈ രംഗത്ത് 100 ശതമാനവും സൗദികള്‍ ആയിരിക്കണമെന്നാണ് നിര്‍ദേശം. ഇതിന് പുറമെ നിയമ മേഖലയിലെ സൗദിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്തു.
കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഒന്നാം ഘട്ടവും, നിയമ മേഖലയിലെ സൗദിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടവും പ്രാബല്യത്തില്‍ വന്നതായി സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ 100 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പിലാക്കേണ്ടത്.
കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. സോഷ്യല്‍ മീഡിയ വഴി ഉപഭോക്തൃ സേവനം നല്‍കുന്ന പുറം കരാര്‍ ഏജന്‍സികളും പദ്ധതി നടപ്പിലാക്കണം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. നിയമ രംഗത്ത് 50 ശതമാനം സൗദിവല്‍ക്കരണമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയതെങ്കിലും 70 ശതമാനം സൗദിവല്‍ക്കരണമാണ് ഈ ഘട്ടത്തില്‍ നടപ്പിലാക്കേണ്ടത്.
നിയമ സ്ഥാപനങ്ങളും ലീഗല്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍പ്പെടും. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ലീഗല്‍ കണ്‍സല്‍ട്ടിംഗ് തസ്തികകളില്‍ പദ്ധതി നടപ്പിലാക്കണം എന്നാണ് നിര്‍ദേശം. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് 5,500 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
സ്വദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും മന്ത്രാലയം നല്‍കുന്നുണ്ട്. നിയമന നടപടികള്‍ സുതാര്യമാക്കുകയും, തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നതോടൊപ്പം യോഗ്യരായ തൊഴിലാളികളെ കണ്ടെത്താനുള്ള സഹായവും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. സൗദിവിഷന്‍ 2030-ന്റെ ഭാഗമായി കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.