രാജ്യദ്രോഹം: സൗദി അറേബ്യ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി


APRIL 11, 2021, 9:22 AM IST

റിയാദ് : ശത്രുക്കളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് മൂന്ന് സൈനികരെ സൗദി അറേബ്യ വധിച്ചു. രാജ്യദ്രോഹകുറ്റം തെളിയിക്കപ്പെട്ട സൈനികര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യ അകാം, ശാഹിര്‍ ബിന്‍ ഈസ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹിം ബിന്‍ അലി ഹാസിമി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്. മൂവരും രാജ്യദ്രോഹ കുറ്റം നടത്തിയതായും രാജ്യത്തിന്റെ നിലനില്‍പിനും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളുമായി സഹകരിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

തുടര്‍ന്ന് ഇവര്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറി. വിചാരണയില്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂവര്‍ക്കും ദക്ഷിണ മേഖലാ സൈനിക കമാണ്ടന്റ് ആസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Other News