ഷഹീന്‍ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ ഒമാനിലും ഇറാനിലുമായി 13 മരണം


OCTOBER 5, 2021, 8:07 AM IST

ദുബായ്: ഷഹീന്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയില്‍ ഒമാനിലും ഇറാനിലുമായി 13 പേര്‍ മരിച്ചു. ഒമാന്റെയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാദ്ധ്യതയുള്ള യു.എഇ.യുടെ തീരപ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ഇന്ന് വരെ ജോലി നിറുത്തിവയ്ക്കാമെന്ന് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലകളിലെ സ്‌കൂളുകളില്‍ ഇന്ന് വരെ പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കും.

ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റിന് വേഗം കൂടുക. ജോലി സ്ഥലത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രതിരോധ നടപടികള്‍ ഉറപ്പാക്കും. ബീച്ചിലും താഴ്‌വാരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ പോകുന്നതും നിരോധിച്ചു. റോഡില്‍ വെള്ളക്കെട്ടുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, അബുദാബിയില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പൊലീസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുപ്പിച്ചു.

Other News