ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ കനത്ത ജാഗ്രത


OCTOBER 3, 2021, 10:08 PM IST

മസ്‌ക്കത്ത്: ഷഹീന്‍ തീവ്രചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ മിന്നല്‍ പ്രളയം. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടുപേരെ കാണാതായിട്ടുണ്ട്. 

ഷഹീന്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി 11 മണിയോടെ ഒമാന്‍ തീരം തൊടും. ഒമാനിന്റെ വിവിധ ഭാഗങ്ങളിലും യു എ ഇയിലെ അല്‍ഐനിലും ഉള്‍പ്പെടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. സൊഹാര്‍, ഷിനാസ് മേഖലകളില്‍ ശക്തമായ കാറ്റും മഴയുമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

രാജ്യത്തിന് സമാന്തരമായി നീങ്ങിയ ഷഹീന്‍ മിന്നല്‍ പ്രളയത്തിന് കാരണമായതോടെ എദായ്, ഖുവൈര്‍ വാദികള്‍ നിറഞ്ഞു കരകവിഞ്ഞു. മലവെള്ളം ഒഴുകിപ്പോകുന്ന കനാലുകളാണ് വാദികള്‍. 

മിന്നല്‍ പ്രളയത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. കൂടുതല്‍ വാദികള്‍ കനത്തമഴയില്‍ കരകവിയാന്‍ സാധ്യതയുണ്ടെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് മുന്നറിയിപ്പില്‍ പറയുന്നു. സീബിലെ ബുര്‍ജ് അല്‍ സഹ്വ റൗണ്ട് എബൗട്ടിലെ തുരങ്കപാതകള്‍ വെള്ളത്തില്‍ മൂടി. മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് വരെയുള്ള തീരദേശ പാത ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. പ്രളയ ജലം ഇരച്ചെത്തിയതിനെ തുടര്‍ന്ന് അല്‍ നഹ്്ദ ആശുപത്രി ഒഴിപ്പിച്ചതായും ഖുറം വ്യവസായ മേഖല അടച്ചതായും ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. 

റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്കടുത്ത് മലയിടിഞ്ഞു രണ്ടു പേര്‍ മരിച്ചു. മറ്റൊരു സംഭവത്തില്‍ കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു. രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. മസ്‌കത്തില്‍ 45 നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. തീരത്തോട് അടുക്കുമ്പോള്‍ വീണ്ടും കാറ്റിന് ശക്തി കൂടുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പറയുന്നു. 

ചുഴലിക്കാറ്റ് സാഹചര്യത്തില്‍ നിരവധി വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുകയോ റീഷെഡ്യൂള്‍ നിര്‍വഹിക്കുകയോ ചെയ്തിട്ടുണ്ട്. 

കൊച്ചി, മുംബൈ, ഡല്‍ഹി, മനില, കൊളംബോ, ധാക്ക, സലാല, ദാറുസലാം, ദുകം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്തതായി ഒമാന്‍ എയര്‍ അറിയിച്ചു. 

ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നിരവധി പേരെയാണ് പാര്‍പ്പിച്ചത്. നോര്‍ത്ത് അല്‍ ഗുബ്രയിലെ തീരദേശ മേഖലയിലുള്ളവരെ കഴിഞ്ഞ ദിവസം രാത്രി തന്നെ മാറ്റിപ്പാര്‍പ്പിച്ചു. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഇതിനകം 2,700 പേരെയാണ് മാറ്റിയിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ മത്ര സൂഖ്, കോര്‍ണിഷ് തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി. കോര്‍ണിഷിലെ ചില ഭാഗങ്ങള്‍ ശക്തമായ തിരമാലകളില്‍ തകര്‍ന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്‌കത്ത് എക്സ്പ്രസ് ഹൈവേ ഒഴികെ മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News