ദോഹ: വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന് മുന്‍പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീര്‍ ഷേഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നിലവിലെ പ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ജനുവരി 28നായിരുന്നു ഷേഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.