ബാങ്ക് വിളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; സൗദിയിലെ മസ്ജിദില്‍ രണ്ടു പേരെ കുത്തിക്കൊന്നു


APRIL 10, 2021, 9:33 AM IST

തബൂക്ക് (സൗദി അറേബ്യ) : മുസ്ലിം പള്ളിക്കുള്ളില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. തബൂക്ക് അല്‍ബവാദി ജില്ലലെ മസ്ജിദിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. മസ്ജിദിലെ ബാങ്ക് വിളിക്കുന്നയാളും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പ്രഭാത നമസ്‌കാരത്തിനിടെ ഇരുവരെയും എഴുപതുകാരനായ സൗദി പൗരന്‍ കുത്തിക്കൊല്ലുകയായിരുന്നു. 64 കാരനായ മുഅദ്ദിനും(ബാങ്ക് വിളിക്കുന്നയാള്‍)  75 വയസ് പ്രായമുള്ള മറ്റൊരാളുമാണ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മസ്ജിദില്‍ ആരാണ് ബാങ്ക് വിളിക്കുകയെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുഅദ്ദിനെയും മറ്റൊരാളെയും പ്രതി കുത്തിക്കൊന്നത്. പ്രതി മാനസിക രോഗിയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മസ്ജിദില്‍ ബാങ്ക് വിളിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതില്‍ പ്രകോപിതനായാണ് മുഅദ്ദിന്‍ അടക്കം രണ്ടു പേരെ പ്രതി ആക്രമിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു

Other News