യു.എ.ഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം


NOVEMBER 16, 2022, 1:14 AM IST

ദുബായ്: യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി. മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്‌ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ നിലവില്‍ വന്ന ഗോള്‍ഡന്‍ വിസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിക്ഷേപ തുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതല്‍ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക.

മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റില്‍ നിന്ന് ഹാജരാക്കണം. സാധാരണ റസിഡന്‍സി വിസ ഉടമകള്‍ക്ക് നല്‍കുന്നതുപോലെ ഒരു വര്‍ഷത്തേക്കാണ് തങ്ങളുടെ പാരന്റ്സിനെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. മാത്രമല്ല, അവരുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് 20,000 ദിര്‍ഹമെങ്കിലുമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ ശമ്പള വ്യവസ്ഥയൊന്നും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ബാധകമായിരിക്കില്ല.