ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധം സ്വന്തമാക്കാനൊരുങ്ങി യു എ ഇ


NOVEMBER 17, 2021, 10:03 PM IST

അബൂദാബി: ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധ സംവിധാനം യു എ ഇയിലേക്ക്. യു എ ഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുടെ എം- സാം എന്ന വ്യോമ പ്രതിരോധ സംവിധാനം യു എ ഇയിലെത്തിക്കാനാണ് പ്രതിരോധ മന്ത്രാലയം കെറിയയുമായി ധാരണയായിരിക്കുന്നത്.

തങ്ങളുടെ നിലവിലുള്ള പ്രതിരോധ ശേഷിയിലേക്കുള്ള ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണിതെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. മൂന്നര ബില്യണ്‍ യു എസ് ഡോളര്‍ വിലമതിക്കുന്ന കരാറാണിതെന്നാണ് റിപ്പോര്‍ട്ട്. എം സാം എയര്‍ഡിഫന്‍സ് സിസ്റ്റം ദക്ഷിണ കൊറിയ ഇതു വരെയും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടില്ല. യു എ ഇയാണ് കൊറിയയില്‍ നിന്നും എം സാം വാങ്ങാന്‍ പോവുന്ന ആദ്യ രാജ്യം. തങ്ങളുടെ ആഭ്യന്തര ആവശ്യത്തിനപ്പുറത്ത് ആയുധ മേഖലയുടെ മാര്‍ക്കറ്റ് വളര്‍ത്താനുള്ള ദക്ഷിണ കൊറിയയുടെ നീക്കങ്ങളുടെ ഭാഗം കൂടിയാണ് യു എ ഇയുമായുള്ള കരാറെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. നിലവില്‍ ഉത്തര കൊറിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് എംസാം എയര്‍ ഡിഫന്‍സ് സിസ്റ്റത്തെ ദക്ഷിണ കൊറിയ പ്രധാനമായും ഉപയോഗിക്കുന്നത്.

Other News