യുഎഇയിലെ എമിറേറ്റുകള്‍ ഒമ്പത് ദിവസം നീണ്ട പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു


APRIL 24, 2022, 8:26 AM IST

ദുബായ്: യുഎഇയിലെ കൂടുതല്‍ എമിറേറ്റുകള്‍ ഒമ്പത് ദിവസം നീണ്ട പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഷാര്‍ജക്ക് പിന്നാലെ ദുബൈ, അബൂദബി, റാസല്‍ഖൈമ എമിറേറ്റുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് ഒമ്പത് വരെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ ജീവനക്കാര്‍ക്ക് പരമാവധി അഞ്ച് ദിവസമേ അവധി ലഭിക്കൂ.

യു.എ.ഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് മന്ത്രിസഭ ആദ്യം ഒരാഴ്ചയിലേറെ നീളുന്ന പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഷാര്‍ജ എമിറേറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് ഒമ്പത് വരെ അവധി ലഭിക്കുന്ന വിധം പ്രഖ്യാപനം നടത്തി. ഇതിന്റെ ചുവട് പിടിച്ച് ഇന്ന് ദുബൈ, അബൂദബി, റാസല്‍ഖൈമ സര്‍ക്കാറുകളും തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ അവധി പ്രഖ്യാപിക്കുകയായിരുന്നു.

മെയ് ആറ് വരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ഒന്നിനാണ് പെരുന്നാള്‍ എങ്കില്‍ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാള്‍ എങ്കില്‍ നാല് വരെയും അവധി നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പുതിയ അറിയിപ്പ് പ്രകാരം പെരുന്നാള്‍ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും. മെയ് ഒമ്പത് മുതല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

Other News