സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 2008ന് ശേഷം ഏറ്റവും താഴ്ന്ന നിലയില്‍


JUNE 30, 2022, 8:11 PM IST

റിയാദ്: ഉയര്‍ന്ന എണ്ണ വരുമാനത്തിന്റെ പശ്ചാതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2008ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി. 

ആദ്യപാദത്തില്‍ 10.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ 11 ശതമാനമായിരുന്നു. കിംഗ്ഡം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പുരുഷ പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലും സ്ത്രീകളുടേത് 20.2 ശതമാനത്തിലുമെത്തി. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആദ്യപാദത്തില്‍ ഏകദേശം 10 ശതമാനമാണ് വളര്‍ന്നത്. ഉയര്‍ന്ന എണ്ണ വിലയും ഉത്പാദനവുമാണ് ഇതിന് കാരണമായത്. എണ്ണയിതര സമ്പദ്‌വ്യവസ്ഥയാകട്ടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ 3.7 ശതമാനമാണ് വികസിച്ചത്. 

കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായ 2020ന്റെ മധ്യത്തില്‍ സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ 15 ശതമാനമായി ഉയര്‍ന്നിരുന്നു. അതിനുശേഷം എല്ലാ പാദങ്ങളിലും കുറയുകയാണുണ്ടായത്.

Other News