ന്യൂഡല്‍ഹി: ബഹ്റൈനിലെ പുതിയ അംബാസഡറായി മലയാളിയായ വിനോദ് കെ. ജേക്കബ് നിയമിതനായി. നിലവിലെ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് നിയമനം. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ ജേക്കബ് നിലവില്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ ഡെപ്യൂട്ടി ഹൈകമീഷണറുടെ ചുമതല വഹിക്കുകയാണ്.
ശ്രീലങ്കയ്ക്ക് പുറമെ ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തേ വിദേശകാര്യമന്ത്രാലയത്തില്‍ സാമ്പത്തിക നയതന്ത്ര വിഭാഗത്തില്‍ ജോയന്റ് സെക്രട്ടറിയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പെര്‍മനന്റ് മിഷനില്‍ ഫസ്റ്റ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കര്‍ ലോ കോളജില്‍നിന്ന് നിയമവിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ.