ആന്റിബയോട്ടിക്കുകൾ പതിവാക്കരുത്;ഹൃദയം തകരും 


SEPTEMBER 11, 2019, 9:06 PM IST

വാഷിംഗ്‌ടൺ:സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

മൂത്രനാളത്തിലെ അണുബാധയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്ലൂറോക്വിനോ ലോൺ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. 

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിന് കാരണമാകാമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മഹ്യാർ എറ്റ്മിനൻ ചൂണ്ടിക്കാട്ടുന്നു.ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്ന്  അദ്ദേഹം നിർദേശിക്കുന്നു.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്‌ടർമാരും മറ്റ് ആരോഗ്യ  പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.ഡോക്‌ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണെന്നും പ്രൊ.മഹ്യാർ മുന്നറിയിപ്പ് നൽകുന്നു.